കട്ടപ്പന: ഇരട്ടയാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് നാലുമുക്കിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇവിടെ താമസിച്ചുവന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളി സ്ത്രീക്കാണ് രോഗം പിടിപെട്ടത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രചരണ വിഭാഗത്തിലാണ്.
ഇവർ താമസിക്കുന്ന വീടിനു സമീപത്തെ തോട്ടിലെ കെട്ടിക്കിടന്ന ജലം ഉപയോഗിച്ചതുമൂലമാണ് രോഗം പിടിപെട്ടതെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിൽ ഊർജിതമാക്കി. ആദ്യഘട്ടമായി ഈ തോടിന്റെ വിവിധ ഭാഗങ്ങൾ ക്ലോറിനേറ്റ് ചെയ്തു.
ഇതോടൊപ്പം പ്രദേശവാസികൾക്ക് ആദ്യഘട്ടം എന്ന നിലയിൽ ബോധവത്കരണവും നൽകി. തുടർന്ന് ഗ്രാമപഞ്ചായത്ത് വനിതാ സാംസ്കാരിക നിലയത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും താമസിപ്പിച്ചിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി ബോധവത്കരണം നൽകി.
അടുത്ത വെള്ളിയാഴ്ച രാവിലെയും ഉച്ചകഴിഞ്ഞുമായി പഞ്ചായത്തിലെ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികൾക്കും ബോധവത്കരണ ക്ലാസ് നൽകുവാനും തീരുമാനിച്ചു. ഒന്നു മുതൽ ഏഴുവരെയുള്ള വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് രാവിലെ പത്തര മുതൽ ഒന്നുവരെയും എട്ടു മുതൽ 15 വരെ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ഉച്ചകഴിഞ്ഞുമാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലുടമകൾ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും നിർബന്ധമായും ക്ലാസിൽ പങ്കെടുപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കും. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.